സാമൂഹിക പ്രതിബദ്ധത

ഒരു മുസ്ലിമിന് സമൂഹത്തോട് പലതരം ഉത്തരവാദിത്തങ്ങളുണ്ട്. ഈ ഉത്തരവാദിത്തങ്ങൾ ഒരു നല്ല സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനും നിലനിർത്തുന്നതിനും അത്യാവശ്യമാണ്. നാം സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുമ്പോൾ, സമൂഹത്തിൽ വലിയ നന്മകൾ കൊണ്ടുവരുകയും എല്ലാവർക്കും സമാധാനത്തോടെയുള്ള ജീവിതം ഉറപ്പാക്കുകയും ചെയ്യും.

മരങ്ങൾ റബ്ബിന്റെ കരുണ നിറക്കപ്പെട്ട അത്ഭുതങ്ങളാണ്, മനുഷ്യർക്കും ഇതര ജീവികൾക്കും മരങ്ങളിൽ നിന്നും കിട്ടുന്ന പ്രത്യക്ഷവും പരോക്ഷവുമായ ഉപകാരങ്ങൾ കണക്കാക്കാൻ പ്രയാസമായിരിക്കും. തണലും, കായ് ഫലങ്ങളും പല ജീവികൾക്കും ആവാസവ്യവസ്ഥ നൽകുകയും ചെയ്യുന്നത് കൂടാതെ ആഗോളതാപനം കുറക്കുകയും മണ്ണൊലിപ്പ് തടയുകയും ചെയ്യുന്നു. അനുകൂല ചുറ്റുപാടുകളിൽ പുതിയ മരങ്ങൾ നടുന്നതും നിലവിലുള്ള വനങ്ങൾ സംരക്ഷിക്കുന്നതും വിശ്വാസിയെ സംബന്ധിച്ച് വളരെ പ്രധാനമാണ്.

«مَا مِنْ مُسْلِمٍ يَغْرِسُ غَرْسًا أَوْ يَزْرَعُ زَرْعًا فَيَأْكُلُ مِنْهُ طَيْرٌ أَوْ إِنْسَانٌ أَوْ بَهِيمَةٌ إِلَّا كَانَ لَهُ بِهِ صَدَقَةٌ»

“ഏതൊരു മുസ്ലിമും ഒരു വൃക്ഷം നടുകയോ, ഒരു വിത്ത് വിതയ്ക്കുകയോ ചെയ്താൽ, അതിൽ നിന്ന് പക്ഷിയോ, മനുഷ്യനോ, മൃഗമോ ഭക്ഷിക്കുകയാണെങ്കിൽ, അതവന് ധർമ്മമായിരിക്കും.” (സ്വഹീഹുൽ ബുഖാരി, സ്വഹീഹുൽ മുസ്ലിം)

ശുദ്ധമായ കുടിവെള്ളം എന്നത് ഒരു അടിസ്ഥാന മനുഷ്യാവകാശമാണ്. ജാതി, മതം, സാമ്പത്തിക സ്ഥിതി എന്നിവ പരിഗണിക്കാതെ എല്ലാവർക്കും ഇത് ലഭ്യമാക്കേണ്ടത് നമ്മുടെ നിർബന്ധ ഉത്തരവാദിത്തമാണ്. കുടിവെള്ളത്തിനായി ദൂരെ സ്ഥലങ്ങളിലേക്ക് പോകേണ്ടി വരുന്നത് പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് വലിയ ഭാരമാണ്. ഇത് അവരുടെ പഠനത്തെയും ജോലിയെയും പ്രതികൂലമായി ബാധിക്കുന്നു. കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നത് അവരുടെ ജീവിതനിലവാരം ഉയർത്താനും ദാരിദ്ര്യം കുറയ്ക്കാനും സഹായിക്കും.

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: “إِذَا مَاتَ الْإِنْسَانُ انْقَطَعَ عَمَلُهُ إِلَّا مِنْ ثَلَاثٍ: صَدَقَةٍ جَارِيَةٍ، أَوْ عِلْمٍ يُنْتَفَعُ بِهِ، أَوْ وَلَدٍ صَالِحٍ يَدْعُو لَهُ.”
(صحيح مسلم، كتاب الوصية، باب ما يلحق الإنسان من الثواب بعد وفاته)

അബൂഹുറൈറ(റ) നിവേദനം: നബി(സ) പറഞ്ഞു: “ഒരാൾ മരണപ്പെട്ടാൽ അവന്റെ എല്ലാ പ്രവർത്തനങ്ങളും നിലയ്ക്കും, മൂന്ന് കാര്യങ്ങളിലൊഴികെ: നിലനിൽക്കുന്ന ധർമ്മം (സദഖത്തുൽ ജാരി), ഉപകരിക്കുന്ന അറിവ്, അല്ലെങ്കിൽ അവനുവേണ്ടി പ്രാർത്ഥിക്കുന്ന നല്ല സന്താനം.”

ഇസ്ലാമിക വീക്ഷണത്തിൽ, മാലിന്യ നിർമാർജനം കേവലം ഒരു സാമൂഹ്യ ബാധ്യത എന്നതിലുപരി, ഓരോ മുസ്ലിമിന്റെയും വിശ്വാസപരമായ ബാധ്യത കൂടിയാണ്. ഇസ്ലാം ശുചിത്വത്തിന് വലിയ പ്രാധാന്യം നൽകുന്നു. ശരീരം, വസ്ത്രം, താമസസ്ഥലം, പൊതുസ്ഥലങ്ങൾ എന്നിവയെല്ലാം വൃത്തിയായി സൂക്ഷിക്കാൻ ഇസ്ലാം കൽപ്പിക്കുന്നു. വിശ്വാസത്തിന്റെ ഭാഗമാണ് ശുചിത്വം എന്ന് പ്രവാചകൻ മുഹമ്മദ് നബി (സ) പഠിപ്പിച്ചിട്ടുണ്ട്.

عَنْ أَبِي مَالِكٍ الْأَشْعَرِيِّ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: “الطُّهُورُ شَطْرُ الْإِيمَانِ”

അബൂ മാലിക് അൽ-അശ്അരി (റ) നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: “ശുചിത്വം ഈമാനിന്റെ (വിശ്വാസത്തിന്റെ) പകുതിയാണ്.” ഈ ഹദീസ് ശുചിത്വത്തിന് ഇസ്ലാമിൽ എത്രമാത്രം പ്രാധാന്യമുണ്ടെന്ന് വ്യക്തമാക്കുന്നു. ശുചിത്വം കേവലം ഒരു ശാരീരിക അവസ്ഥയല്ല, മറിച്ച് വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണ്.

Please enable JavaScript in your browser to complete this form.
Name
സഹകരിക്കാൻ താല്പര്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കുക
Scroll to Top